രാജകുടുംബത്തിലെ അറസ്റ്റും കസ്റ്റഡിയും സൗദിയുടെ ഭാവി എന്താകുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ രണ്ടു കത്തുകളാണ്. ഈ കത്തുകള്‍ക്ക് ഇപ്പോഴത്തെ പ്രശ്‌നത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഹഫിങ്ടണ്‍പോസ്റ്റില്‍ ഗ്ലോബല്‍ പെര്‍സ്‌പെക്ടീവ് കണ്‍സള്‍ട്ടിങ് സ്ഥാപകന്‍ ഡേവിഡ് ഓലാലു എഴുതിയ ലേഖനത്തില്‍ പറയുന്നത്. രാജകുടുംബത്തിലെ പ്രധാനികള്‍ക്കിടയില്‍ പ്രചരിച്ച രണ്ടു കത്തുകളാണ് ഈ സമയം ചര്‍ച്ചയാകുന്നത്. സല്‍മാന്‍ രാജാവിനെ അട്ടിമറിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ലണ്ടന്‍ കേന്ദ്രമായുള്ള ഗാര്‍ഡിയന്‍ പത്രമാണ് കത്തുകളുടെ വിവരം പുറത്തുവിട്ടത്. പേര് വെളിപ്പെടുത്താത്ത സൗദി രാജകുമാരനെ ഉദ്ധരിച്ചായിരുന്നു കത്ത് സംബന്ധിച്ച വാര്‍ത്ത. സല്‍മാന്‍ രാജാവും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും നടപ്പാക്കുന്ന നയങ്ങള്‍ സൗദിയെ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും തകര്‍ക്കുമെന്നും കത്തിലുണ്ടായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായി തടവില്‍ കഴിയുന്നവര്‍ ഭരണകൂടത്തിനെതിരേ നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.